സുറുമയിട്ട കണ്ണുകൾ..



വളരെ നാൾക്കു ശേഷമായിരുന്നു വീട്ടുകാർ എല്ലാവരും കൂടി ഒരുമിച്ചൊരു യാത്ര.തിരക്കുകൾ നിറഞ്ഞ ജീവിത ശൈലിയിൽ ആകെയുള്ള ആശ്വാസം ഇതൊക്കെ തന്നെ ..ഏറെ നാളുകളായി എല്ലാവരും പറയുമെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല.. കൊച്ചാപ്പ വിദേശത്താണ് .. പുള്ളി വന്നിട്ടു ആകട്ടെ എന്നായിരുന്നു ബാപ്പയുടെ സംസാരം ..

                       അങ്ങനെയിരിക്കെ വിദേശത്തു നിന്ന് വന്ന കൊച്ചാപ്പയെയും കൂടെ കൂട്ടി ഒരു യാത്ര തുടങ്ങി .. എവിടേക്കാണെന്നല്ലേ .. വീഗാലാൻഡ് ഒന്നുമല്ല .. ഒരു പള്ളിയിലേക്ക്.  "ഏർവാടി " അവിടേക്കായിരുന്നു ഞങ്ങളുടെ യാത്ര ..കൂട്ടുകാരന്റെ വണ്ടിയും വാടകയ്ക്ക്  എടുത്തു യാത്ര ആരംഭിച്ചു ..വണ്ടി ഇന്നോവ ആണ്.. ആയിരത്തി അഞ്ഞുറു രൂപയാണ് അവൻ വാടക ആയി ചോദിച്ചത്..വിട്ടു വീഴ്ചകൾ ഉണ്ടാകും എന്ന വിശ്വാസത്തിൽ ആണ് വണ്ടി വാങ്ങി പോണത് ..നേരം പുലരുന്നതിനു മുൻപ് തന്നെ ഞങ്ങൾ യാത്ര തിരിച്ചു ...യാത്ര തുടങ്ങി ഒരു മണിക്കൂർ ആകുന്നതിനു മുൻപ് തന്നെ കലാ പരിപാടികളുമായി സഹകരിച്ചു മുന്നോട്ടു പോയിരുന്നു ഞങ്ങളുടെ കൊച്ചുമ്മ..(അച്ഛന്റെ അനിയന്റെ ഭാര്യ ) അതുകൊണ്ട്  കിറ്റ്  എടുക്കാൻ മറന്നു പോയതിനാൽ 10  മിനിറ്റു നടന്നു കിറ്റ് വാങ്ങി വണ്ടിയിൽ കരുതേണ്ടി വന്നു കൊച്ചുമ്മക്കുവേണ്ടി  .. ദൂരെ യാത്ര അല്ലെ വാളു  വെക്കാൻ ഒരാളില്ലെല് അതിനൊരു ത്രില്ല് ഇല്ലല്ലോ .. !!!

          അങ്ങോട്ടൂള്ള  യാത്ര ഇടുക്കി ജില്ലയിലൂടെ ആയിരുന്നു ..അതിമനോഹരം എന്ന് പ്രതേകിച്ചു പറയണ്ട കാര്യമില്ലല്ലോ ..പ്രകൃതിയുടെ അതിമനോഹരമായ കാഴ്ചകൾ ആസ്വദിച്ചു ഞങ്ങൾ  യാത്ര തുടർന്ന് കൊണ്ടിരുന്നു..ഉച്ചയോടെ ഞങ്ങൾ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തോട് വിട പറഞ്ഞു ..കേരളത്തിലെ പോലെ അല്ല ഇനി അങ്ങോട്ട്..എന്താണെന്നല്ലേ ?? റോഡുകൾ ..അതി വിശാലമായ റോഡുകൾ.നേരം ഉച്ച കഴിയുന്നു ...എല്ലാവര്ക്കും നന്നായി വിശന്നു തുടങ്ങിയിരുന്നു.അന്നേ  ദിവസത്തേക്കുള്ള  ഭക്ഷണം വണ്ടിയിൽ കരുതിയിരുന്നു...വിശപ്പിന്റെ കാഠിന്യത്തിൽ ഒട്ടും മടി കൂടാതെ റോഡിന്റെ അരികിൽ തന്നെ വണ്ടി ഒതുക്കി നിർത്തി.. എല്ലവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.. ഇനിയും ഒരുപാട് ദൂരം എത്തേണ്ടതുണ്ട്..വൈകാതെ യാത്ര തിരിക്കണം.. 

അധികം വൈകാതെ തന്നെ യാത്ര പിന്നെയും ആരംഭിച്ചു.. എല്ലാവരും ഉച്ച മയക്കത്തിൽ വീണിരിക്കുന്നു..വാപ്പ ആണ് വണ്ടി ഓടിക്കുന്നത് ..വാപ്പ  ഉറങ്ങാതെ ഇരിക്കാൻ വേണ്ടി ആവണം കൊച്ചാപ്പ എന്തൊക്കെയോ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ വരെ സംസാരിച്ചുകൊണ്ടേ ഇരുന്നു ..സൂര്യൻ അസ്തമയത്തിനായി പടിഞ്ഞാറേക്ക് നീങ്ങുന്നു.. നേരം ഇരുട്ടിലേക് വീണു തുടങ്ങിയിരുന്നു ..ഞങ്ങൾക്ക് ആദ്യം ചെന്നെത്തേണ്ടത് നാഗപട്ടണം എന്ന ജില്ലയിലുള്ള നാഗോർ ദർഗയിലേക്കാണ് ..


ഏകദേശം രാത്രി ഒരു 8 മണിയോടെ ഞങ്ങൾ നഗോർ  എത്തിയിരുന്നു ..മുൻപ് കണ്ടിട്ട് പോലും ഇല്ലാത്ത ഒരാൾ വന്നു ഞങ്ങളുടെ  വണ്ടി പാർക്ക് ചെയ്യാൻ സ്ഥലം കാണിച്ചു തന്നു..താമസിക്കാൻ ഒരു ഹോട്ടലിലേക്കു ഞങ്ങളെ വിളിച്ചു കൊണ്ട് പോയി..പള്ളിയിലേക്കു നടക്കാവുന്ന ദൂരത്തിൽ ആണ് ഹോട്ടൽ ..എല്ലാവരും ആകെ ക്ഷീണിച്ചിരുന്നു.. കേരത്തിലെ പോലെ ഒരു തണുത്ത കാലാവസ്ഥ ആയിരുന്നില്ല അവിടെ..ചൂട് സഹിക്കാൻ വയ്യാതെ ആയിരുന്നു..ചൂട് കാരണം റൂം എടുത്തു ആദ്യം തന്നെ ഒരു കുളി പാസ് ആക്കാൻ ബത്രറോമിലേക് പോയി .. കടിച്ചതിലും വലിയതാണ് പുനത്തിൽ ഇരുന്നത് എന്ന് പറഞ്ഞത് പോലെ തന്നെ ഷവര് തുറന്നപ്പോൾ അതിലും കാഠിന്യമേറിയ ചൂടിൽ ധാ വെള്ളം വരുന്നു ..തണുത്ത വെള്ളം വരൻ പ്രതേകിച്ചു പൈപ്പ് വേറെയില്ല എന്ന് മനസിലായതോടെ ഒരു വിധത്തിൽ കുളി പാസ് ആക്കി വെളിയിൽ ഇറങ്ങി.. എല്ലാവരും പള്ളിയിലേക്കു പോകാൻ റെഡി ആയിരുന്നു.. ഞാൻ വേഗം അവരുടെ ഒപ്പം ചെന്ന് നിന്നു ..വെളിയിൽ ഒരുപാട് കടകൾ തിങ്ങി തിങ്ങി സ്ഥിതി ചെയ്യുന്നുണ്ട് ..എല്ലാം നല്ല മധുരം ഏറിയ ഭക്ഷണങ്ങൾ ,,മിട്ടായികൾ ..എല്ലാം നമുക്ക് സാമ്പിൾ കഴിച്ചു നോക്കാം .. ഞാൻ ഒന്ന് രണ്ട എണ്ണം എടുത്തു കഴിച്ചു ..കൊള്ളാം  നല്ല സ്വാദുണ്ട് ..പിന്നെ പള്ളിയിലേക്ക് എത്തുന്നത് വരെ സാമ്പിൾ നോട്ടം പതിവാക്കി പോയിരുന്നു ...പള്ളിയിലേക്കു കടക്കുന്നതിനു മുൻപ് തന്നെ തലയിൽ വെള്ള തൊപ്പി അണിഞ്ഞ ഒരു മനുഷ്യൻ ഞങ്ങളെ ലക്ഷ്യമാക്കി അവിടെ നിൽക്കുന്നുണ്ടായിരുന്നു..

എന്താണ് ഉദ്ദേശം എന്ന് അയാളുടെ അടുത്ത് ചെന്നാലേ അറിയൂ ..അതെ അയാളുടെ ലക്‌ഷ്യം ഞങ്ങൾ തന്നെ ആയിരുന്നു ..ചെന്ന ഉടനെ തന്നെ അയാൾ ഞങ്ങളോട് സലാം പറഞ്ഞു ..സലാം മടക്കിയ ശേഷം ഞങ്ങൾ പള്ളിക്കു അകത്തേക്ക് അദ്ദേഹത്തോട് ഒപ്പം ചെന്ന് കയറി ..അദ്ദേഹം ഞങ്ങളെ വിളിച്ചു ഒരിടത്തു ഇരുത്തി ഓതാൻ തുടങ്ങി ..എന്താണിവിടെ നടക്കുന്നത് എന്ന് എനിക്ക് ലവലേശം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല ...വാപ്പയും കൊചാപ്പയും അദ്ദേഹത്തിന്റെ മുൻപിൽ ഇരുന്നു.. അവരുടെ തലയിലേക് ഒരു മയിൽ‌പീലി എടുത്തു നീട്ടി തലയിലേക് വെച്ച് അവരെയും അദ്ദേഹം ഓതാൻ തുടങ്ങി..അറബി മാത്രം മനസ്സിലായിരുന്നു .. പിന്നെ അദ്ദേഹം ഞങ്ങളോട് സംസാരിക്കുന്നത് തമിഴ് കലർന്ന ഏതോ ഭാഷയിലായിരുന്നു ..പെട്ടന്ന് തന്നെ അദ്ദേഹം വാപ്പയോടു എന്തോ ആവശ്യപ്പെട്ടു ..ഞാൻ സ്വല്പം ദൂരെ നിന്നതിനാൽ എനിക്കത് വ്യക്തമായില്ല ..ഞാൻ അവരുടെ അടുത്തേക്ക് ചെന്ന് ..പ്രതീക്ഷിച്ചപോലെ തന്നെ അദ്ദേഹം പണം ആണ് ആവശ്യപ്പെട്ടത്..ദക്ഷിണ വെക്കണം എന്ന് അദ്ദേഹത്തിന്റെ ഭാഷയിൽ ഞങ്ങളോട് പറഞ്ഞു ..ഈ കാര്യത്തിന് പിന്നെ ഭാഷ ഒരു പ്രശ്നമല്ലല്ലോ ..ദക്ഷിണ വെക്കണം എന്ന് കേട്ടപ്പോൾ വാപ്പ ഒരു 100 രൂപ പോക്കറ്റിൽ നിന്നെടുത്ത അദ്ദേഹത്തിന് നൽകി.. പക്ഷെ ഞങ്ങൾ കൊടുത്തതിനു 35 മടങ് അധികമായിരുന്നു പുള്ളിടെ ചോദ്യം ..3500 രൂപ വേണം ..ചോദിച്ച ചോദ്യം കേട്ട് ഞെട്ടിയിട്ടാണോ എന്നറിയില്ല കൊച്ചാപ്പ ഒരു നിമിഷം എന്നെയൊന്നു നോക്കി ..ചിരിയടക്കാൻ വയ്യാതെ ഞാൻ ഒരു കാണിയെപോലെ നടക്കുന്നത് നോക്കി കണ്ടു നിന്നു ..പൈസ ഇല്ല എന്ന ഒറ്റ വക്കിൽ വാപ്പ കാര്യം ഒതുക്കി ..ഇതുവരെ മനുഷ്യത്വം തുളുമ്പി നിന്ന അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് വാപ്പയുടെ തലയിൽ  വെച്ച മയിൽ‌പീലി പാറി കാറ്റിൽ കളിക്കുന്നത് ഞാൻ കണ്ടു ..പട്ടം പറക്കുന്നത്പോലെ മയിൽ‌പീലി പറന്നുയർന്നു ..എന്താണിവിടെ നടന്നത് എന്ന ആശങ്കയിൽ ആയിരുന്നു ഞാൻ ..ഒരു കാര്യം ഉറപ്പു..അയാൾ ഒരു മതപണ്ഡിതൻ അല്ല ..കാശിനു വേണ്ടി വേഷം കെട്ടിയ ഒരു മനുഷ്യൻ...ശേഷം ഇടനിലക്കാരില്ലാതെ പള്ളിയിലെ കാര്യങ്ങൾ എല്ലാം വൃത്തിയായി നിർവഹിച്ച ശേഷം ഞങ്ങൾ അവിടെ നിന്നിറങ്ങി ..സമയം 11 ആയിരിക്കുന്നു ..അടുത്തുള്ള ഒരു ഹോട്ടൽ ലഷ്യമാക്കി ഞങ്ങൾ നടന്നു..മലയാളികളുടെ വികാരം ആയ  പൊറോട്ട തന്നെ ആയിരുന്നു അവിടെയും ഞങ്ങളുടെ ഹീറോ ..ഭകഷണം കഴിച്ച ശേഷം മുറിയിലേക്കു നീങ്ങി ..രാവിലെ ഇന്ഷാ അള്ളാഹ്  നേരത്തെ തന്നെ യാത്ര തിരിക്കേണ്ടതുണ്ട് ..ഇനി  ഞങ്ങളുടെ  യാത്ര  ഏർവാടി യിലേക്കാണ്.. മുറിയിലേക്കു കയറിയത് മാത്രം ഓർമയായി ..യാത്രയുടെ കലശലായ ക്ഷീണത്തിൽ ചൂട് പോലും മറന്നു തളർന്നു ഉറങ്ങി ..

സുബഹി ബാങ്ക് വിളിക്കുന്നു..നേരം വൈകാതെ തന്നെ സുബഹി നിസ്കരിച്ചു ഞങ്ങൾ അവിടെ നിന്ന് യാത്ര തിരിച്ചു ..ഇന്ന് വെള്ളിയാഴ്ച ആണ് ..ഏർ വാടിയിൽ ജുമാ നിസ്കാരം കൂടണം ഇന്ഷാ അള്ളാഹ് ..അതാണ് യാത്രയുടെയും ഉദ്ദേശം ..പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ ഞങ്ങൾ ഏര്വാടി പള്ളിയുടെ പ്രധാന കവാടത്തിൽ എത്തിച്ചേർന്നു ..



ഏർവാടി  പള്ളി...എല്ലാവരുടേം ഒപ്പം ഞാൻ പള്ളിക്കു അകത്തേക്ക് നീങ്ങി .. ഒരുപാടു ആളുകൾ അവിടെ തിങ്ങി നിറഞ്ഞു നില്കുന്നു ..തിരക്കുകൾക്കിടയിലൂടെ ഞാൻ മുൻപോട്ടു നീങ്ങി .. ഒപ്പം ഉണ്ടായിരുന്നവരൊക്കെ അവിടേക്കു നീങ്ങി ..പിറകിൽ നിന്ന് ഒരു സ്ത്രീ ശബ്ദം ..അതെ എന്നോട് തന്നെ ,,മോൻ എവിടെ നിന്നാ ?? അല്ലാഹ്‌  മലയാളി ഉമ്മയോ ..ഒരു ഉമ്മ എന്നോട് ചോദിച്ച ചോദ്യമായിരുന്നു അത് ..ഈ ഉമ്മ എല്ലാരോടു ഒപ്പം വന്നതാകണം .. ഞാൻ കുറച്ചു ദൂരേന്നു ആണ് ഉമ്മ ..ആലപ്പുഴ ജില്ലാ ആണ് ..വളരെ അടുപ്പമുള്ളവർ സംസാരിക്കുന്നത് പോലെ ഞങ്ങൾ സംസാരിച്ചു കുറച്ചു നേരം ..പെട്ടന്ന് തന്നെ പിറകിൽ നിന്ന് ഒരു ചിരി ഉയർന്നു ..ഒരു പെൺകുട്ടിയുടെ ചിരി ആയിരുന്നു അത് ..ചിരിയുടെ ശബ്ദം എന്റെ കണ്ണുകളെ അങ്ങോട്ടേക്ക് ആകർഷിച്ചു ..ആരാണത് ?? എന്തിനാണ് ആഹ് കുട്ടി ചിരിച്ചത് ??ഒരു നിമിഷം എന്റെ കണ്ണുകൾ ചെന്നെത്തിയത് ആഹ് കുട്ടിയുടെ മുഖത്തേക്കാണ് ..അല്ലാഹ് നല്ല തൂവെള്ള നിറമുള്ള പെൺകുട്ടി ..വിടർന്ന കണ്ണുകൾ ..കണ്ണുകൾ കരിമഷിയാൽ ചായം ചാലിച്ചിരുന്നു .. തലയിൽ ഒരു തട്ടം പിടിച്ചു ഇട്ടു ആഹ് കുട്ടി എന്നെ നോക്കി..വീണ്ടും ചിരിച്ചു ,,ഇത്തവണ ശബ്ദം ഇല്ലാതെയായിരുന്നു എന്ന് മാത്രം ..ഒരുപാടു സ്ത്രീകളുടെ ഇടയിൽ ഒരു തൂണിന്റെ മറവിൽ നിന്നിരുന്ന കുട്ടിയെ എന്റെ കണ്ണുകൾ ശ്രദ്ധ പിടിച്ചു പറ്റാൻ  ശ്രമിച്ചു ..എന്നാലും എന്തിനായിരിക്കും ആഹ് കുട്ടി ചിരിച്ചത് ?? എന്നെ ഇതുവരെ കണ്ടിട്ട് പോലുമില്ലാത്ത ആ കുട്ടി എന്നെ നോക്കി ചിരിക്കണേൽ എന്തേലും കാര്യം ഉണ്ടാകാതെ അല്ലല്ലോ ..എന്നൊക്കെ ഉള്ള ചോദ്യങ്ങൾ എന്നെ അലട്ടികൊണ്ടേ ഇരുന്നു ..!!  ആ  എന്തേലുമാകട്ടെ ..

കൂടുതൽ ചിന്തിച്ചു ഇരിക്കുന്നതിന് മുന്നേ തന്നെ നിസ്കാരത്തിനുള്ള ബാങ്ക് പള്ളിയിൽ കൊടുത്തിരുന്നു .. കൂടെ നിന്ന് സംസാരിച്ച ഉമ്മയെയും കാണാൻ ഇല്ല . തിരക്കിനിടയിൽ പെട്ടതാകും ,,എന്ന ഉത്തരം ഞാൻ എനിക്ക് തന്നെ നൽകി പള്ളിയിലേക്ക് കയറി ..ഉസ്താദ് വളരെ നല്ല രീതിയിൽ പ്രസംഗം നടത്തുന്നുണ്ട് ..ഭാഷ മനസ്സിലാകാഞ്ഞത്കൊണ്ടായിരിക്കണം ഞാൻ ശ്രദ്ധിക്കാൻ ശ്രമിക്കുന്നുണ്ട് ..നിസ്കാരം കഴിഞ്ഞു വെളിയിലേക്കു ഇറങ്ങിയപ്പോൾ കാണാൻ സാധിച്ച കാഴ്ചകൾ മനസ്സിന് ഒട്ടും സന്തോഷം തരുന്നത് ആയിരുന്നില്ല ..മനസ്സിന്റെ വൈകല്യങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കണ്മുന്നിൽ കണ്ടപ്പോൾ  മനസ്സും ശരീരവും ഒരുപോലെ തളരുന്നപോലെ തോന്നി ..ഒരുനിമിഷം ഒരു സ്ത്രീ അലറുന്ന ശബ്ദം കേട്ടു ..തിരിഞ്ഞു നോക്കിയപ്പോൾ തന്റെ തലകൊണ്ട് ഭിത്തിയിൽ ആഞ്ഞിടിക്കുകയാണ് ആഹ് സ്ത്രീ ..തിരിഞ്ഞു നിന്നപ്പോൾ എവിടെയോ കണ്ടു മറന്ന മുഖം അതെ ,,ഇത്തവര് തന്നെ എന്നോട് അത്ര അടുപ്പത്തിൽ സംസാരിച്ച ഉമ്മയാണ് അത് ..ഒരു നിമിഷം കണ്ണ് അറിയാതെ ഒന്ന് നിറഞ്ഞു ..ഇവരുടെ വൈകല്യം അറിഞ്ഞിട്ടാവണം ആ പെൺകുട്ടി അപ്പോൾ എന്നെ നോക്കി ചിരിച്ചിരുന്നത് ..അവരോടു ഞാൻ അത്ര കാര്യമായി സംസാരിച്ചത് പോലും ഓർത്തെടുക്കാൻ കഴിയാത്ത വിധം  ഉമ്മ എന്തൊക്കെയോ കാണിച്ചുകൂട്ടുകയാണ് സ്വന്തം ശരീരം വേദനിപ്പിച്  ..

ഉടൻ തന്നെ ആ പെൺകുട്ടിയെ ആയിരുന്നു ഞാൻ തേടിയത് ..എവിടെ ?? ഒരുപാട് അന്വേഷിച്ചു എവിടെയും കണ്ടെത്താൻ കഴിഞ്ഞില്ല ..കരിമഷി ഇട്ട കണ്ണുകളെ തേടി ഞാൻ ഒരുപാട് അലഞ്ഞു ..എവിടെയും കണ്ടില്ല ..എ ഉമ്മയുടെ കൂടെ വന്നത് ആയിരിക്കുമോ ??അറിയില്ല ..ആയിരുന്നെകിൽ കൂടെ കാണില്ലേ ? എവിടെ കാണാൻ ഇല്ലല്ലോ ?? മനസ്സ് അറിയാതെ ഓരോ ചോദ്യങ്ങൾക്കു ഉത്തരം നൽകി കൊണ്ടേ ഇരുന്നു ..

പെട്ടന്ന് എന്റെ കൈ തട്ടി മാറ്റി ഒരു പയ്യൻ ഓടി മറഞ്ഞു ..ആരാണവൻ എങ്ങോട്ടാണ് ഇത്ര വേഗേത്തിലേക് ഓടുന്നത് ..ഇവനും മനസ്സിന് വൈകല്യം ഉണ്ടായിട്ടായിരിക്കുമോ ??അവൻ ആരെയോ ബലമായി പിടിക്കുകയാണ് ..ആരാണത്..?അതും ഒരു സ്ത്രീ തന്നെ ..പർദ്ദയാൽ മുഖം മൂടിയിരിക്കുന്നു ....
കണ്മുന്നിൽ ഇവരുടെ ഒക്കെ വിഷമങ്ങൾ ആണ് കാണുന്നത്..അങ്ങനെ ഒന്ന് മാറി രണ്ടു മാറി ആളുകളെ കണ്ടു കൊണ്ടേ ഇരുന്നു .. മനസ്സിന് താളം തെറ്റിയ അവസ്ഥ റബ്ബേ ..ഓർക്കാൻ കൂടി കഴിയുന്നില്ല..ആരെയും നീ ഇങ്ങനെ പരീക്ഷിക്കല്ലേ റബ്ബേ എന്ന് ഒരു നിമിഷം മനസ്സിൽ റബ്ബിനോട് ദുആ ഇരന്നു ..ഒരുപാടു വിഷമത്തോടെ നടന്നു നീങ്ങി ..പള്ളിയുടെ വാതിൽക്കൽ എല്ലാവരും തിരികെ ഇറങ്ങാൻ കത്ത് നിൽക്കുന്നുണ്ടായിരുന്നു ..അവരുടെ അടുത്ത് എത്തുന്നത് വരെയും ഞാൻ ആ മുഖം തിരഞ്ഞു ..

കണ്ടെത്താൻ ആയില്ല ..വിഷമം ആണോ ?? എന്തിനു ? എന്നെ അറിയാത്ത ഒരു കുട്ടി പിന്നെ എന്തിനാണ് വിഷമം ??പിന്നെ എന്താണ് ?? അല്ല അത് എന്തിനാണ് ഇവിടെ വന്നത് ?? മാറ്റമില്ലാത്ത ചോദ്യങ്ങളാൽ മനസ്സ് അസ്വസ്ഥമായിരുന്നു ..പറയാതെ വയ്യ നല്ല തേജസ്സായിരുന്നു ആ മുഖത്തു .. 

എല്ലാവരും വണ്ടിയിൽ കയറി ..ഞാൻ വണ്ടി ലക്ഷ്യമാക്കി നടന്നു ..പെട്ടന്ന് എന്റെ കയ്യിൽ ആരോ തട്ടി ..അതൊരു ഉമ്മയും മക്കളും ആയിരുന്നു .തിരിഞ്ഞു നോക്കാതെ അവർ വേഗം നടക്കുകയാണ് ..ഇങ്ങോട്ടു തട്ടിയിട്ട് ഒരു മര്യാദ ഇല്ലേ ?? സോറി പറഞ്ഞില്ല എന്നായി പിന്നെ മനസ്സിലെ ചിന്ത ..

ആ ദേഷ്യത്തിൽ അവരെ നോക്കി നിൽക്കേ ആയിരുന്നു ആ കാഴ്ച ഞാൻ കണ്ടത് ..കണ്ണുകൾ മാത്രം കാണിച്ചുകൊണ്ട് ആ പർദ്ദ ഉയർന്നു ..അതെ ..ഇതായിരുന്നു ആ കണ്ണുകൾ ..ഞാൻ അന്വേഷിചു നടന്ന കണ്ണുകൾ ..തിളക്കമാർന്ന കണ്ണുകൾ ..പക്ഷെ കരിമഷി പടർന്നിരുന്നു ..കണ്ണുകൾ നിറഞ്ഞിരുന്നു ..എന്താണിങ്ങനെ ?? ഇപ്പോഴും എന്റെ കൈ തട്ടി മാറ്റിയ ആ ചെറുപ്പക്കാരൻ അവളെ മുറുകെ പിടിച്ചിരിക്കുന്നു ..
ഒരു നിമിഷം കലങ്ങിയ കണ്ണുകൾ എന്നോട് എന്തൊക്കെയോ വേദനകൾ പങ്കു വെചു ..പെട്ടന്ന് തന്നെ പർദ്ദയുടെ തിരശീല വീഴുകയും ചെയ്തു ..അവർ യാത്രയായി..കണ്മുന്നിൽ നിന്ന് മാഞ്ഞു ...ഞങ്ങളും തിരികെ അവിടെ നിന്ന് യാത്ര തിരിച്ചു .. മനസ്സ് വീണ്ടും  ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു ...
       

ഉത്തരം കിട്ടാതെയുള്ള
ചോദ്യങ്ങൾ

ഇപ്പോഴും ബാക്കി..

Comments

  1. ശരിക്കും ഏർവാടി യുടെ മണ്ണിലൂടെ നടന്നു നീങ്ങിയപ്പോൾ കണ്ട കാഴ്ചകൾ പോലെ വല്ലാതെ ഹൃദയത്തെ സ്വാധീനിച്ച ഒരു രചന.... അഭിനന്ദനങ്ങൾ... 💝

    ReplyDelete

Post a Comment

Popular posts from this blog

നീർച്ചാലുകൾ Part 1

" മനുഷ്യരെ നിങ്ങൾ 4 ജന്തുക്കളുടെ സ്വഭാവം കാണിക്കും "അത് കാണിക്കാൻ പാടില്ല മനുഷ്യരേ".. റസൂൽ (സ )